top of page

**ബുൾഡോസർ വന്ന നാൾ**

ഇടവപ്പാതി, ഗ്രാമത്തെ കോരിത്തരിപ്പിച്ചു കൊണ്ട് പെയ്തിറങ്ങുമ്പോൾ വയൽപ്പാട്ടും വിതപ്പാട്ടും ഉയർന്നത് പാടത്തിന്റെ ഇടനെഞ്ചിലല്ല, അവന്റെ ഹൃദയത്തിലായിരുന്നു. വീടിന്റെ ഉമ്മറത്തിണ്ണയിലിരിക്കുമ്പോൾ നെടുവീർപ്പിന്റെ ഗദ്ഗദ സ്വരങ്ങൾ അയാളുടെ ഹൃദയത്തിൽ നിന്നും പുറപ്പെട്ട് മഴയുടെ ഇരമ്പലിൽ അലിഞ്ഞുചേർന്നു കൊണ്ടിരുന്നു. ഇപ്പോൾ അയാൾക്കു ഋതുഭേദങ്ങളറിയില്ല; ഹൃദയം മരവിപ്പിന്റെ അത്യുന്നതത്തിൽ എത്തിയതുകൊണ്ടാവാം ഏറിയനേരവും ചലനരഹിതമായ അസ്ഥികളെ തുളച്ചു കൊണ്ട് ശീതക്കാറ്റ് വീശുന്നതായി അയാൾക്ക്‌ അനുഭവപ്പെടുന്നത്. മരവിപ്പിന്റെ മഞ്ഞുകാലം! നിഷ്ക്രിയതയുടെ മഞ്ഞുകാലം!


മഴ ഒട്ടൊന്നു തോർന്നപ്പോൾ പശ്ചിമ സൂര്യന്റെ ഇളം കിരണങ്ങളാൽ ആകാശത്തു നിറപ്പകിട്ടാർന്ന മഴവില്ലു തെളിഞ്ഞു. മഴവില്ലും ആർത്തിരമ്പലും അയാളുടെ ഹൃദയത്തിൽ നിന്നും അകന്നു പോയിരുന്നു. അയാളുടെ മാത്രമല്ല ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളുടെയും മഴത്തുള്ളി ഊർന്നിറങ്ങിയ ചെമ്മണ്ണിൽ സൂര്യന്റെ അരുണകിരണങ്ങൾ രത്നശോഭ തീർത്തു. വിയർപ്പു കുതിർന്ന ആ ഭൂതകാലം അയാളുടെ നിശ്ചലമായ കണ്മുന്നിലൂടെ മിന്നിമാഞ്ഞു.


പാട്ടത്തിനു സ്ഥലത്തെ പ്രമുഖനായ ഒരു മുതലാളിയുടെ പാടത്തിലായിരുന്നു അയാളും സുഹൃത്തും കൃഷി ചെയ്തിരുന്നത്. കൊയ്ത്തും മെതിയും വസന്തത്തിന്റെ ഉത്സവകാലം അയാളുടെ ജീവിതത്തിലും ഹൃദയത്തിലും പകർത്തി; സമൃദ്ധിയുടെ കാലം, സന്തോഷത്തിന്റെ കാലം. രാത്രിയിൽ ഭാര്യ വിളമ്പി വെയ്ക്കുന്ന കഞ്ഞി അയാളും മക്കളും ചേർന്നു കുടിക്കുമ്പോൾ എല്ലു മുറിയെ പണി ചെയ്തു ആഹാരം കഴിച്ചാലുള്ള സംതൃപ്തി അയാൾ മക്കളോട് പറയുമായിരുന്നു.


അന്നൊരു സുപ്രഭാതത്തിൽ അയാൾ ഉണർന്നത് ഗ്രാമത്തിൽ ബുൾഡോസർ വന്ന വാർത്ത അറിഞ്ഞു കൊണ്ടായിരുന്നു. അയാൾ ഉണർന്നെഴുന്നേറ്റു പാടത്തേക്കു ചെന്നപ്പോൾ കണ്ടത് പാതി നികന്നു പോയ പാടമാണ്. "മുതലാളീ ഞങ്ങളോടീ ചതി ചെയ്യരുതേ" എന്ന് വിലപിക്കുമ്പോൾ ബുൾഡോസർ അയാളുടെ ഹൃദയത്തിലൂടെ കടന്നു പോകുന്നതായി അയാൾക്ക്‌ തോന്നി. ആദ്യം കോപം തോന്നി, പിന്നെ പൊട്ടിക്കരയാൻ തോന്നി.


രാത്രി അത്താഴം വിളമ്പിവച്ചയാളും ഭാര്യയും മക്കളും കൂടി ഇരുന്നപ്പോൾ പതിവുപോലെ സന്തോഷം അവിടെ ഉണ്ടായിരുന്നില്ല. മൗനമായ് ഇരുന്ന അയാളോട് ഭാര്യ ചോദിച്ചു "ഇനി എന്ത് ചെയ്യും?". അയാളുടെ ഉത്തരം ഒരു ദീർഘനിശ്വാസമായിരുന്നു. വളരെ നേരത്തെ മൗനം ഭഞ്ജിച്ചുകൊണ്ട് ഭാര്യ പറഞ്ഞു " ആ പലിശക്കാരൻ വന്നിരുന്നു. നാളെ പലിശയെങ്കിലും കൊടുത്തില്ലെങ്കിൽ കൃഷിയിറക്കാൻ നൽകിയ പണം മുതലാക്കാൻ വീടും വസ്തുവും ജപ്തി ചെയ്യുമെന്ന് പറഞ്ഞു". കഞ്ഞി കുടിക്കാൻ കൂട്ടാക്കാതെ അയാൾ കൈ കഴുകി ഉമ്മറത്തിണ്ണയിൽ പോയിരുന്നു. ഭാര്യ വീണ്ടും അയാളുടെ അടുത്തു ചെന്നു. ഭാര്യയുടെ ഉള്ളിലുള്ള ചോദ്യം മനസ്സിലാക്കി അയാൾ പറഞ്ഞു - "വഴിയുണ്ട്".


പിറ്റേദിവസം രാത്രി അത്താഴം കഴിക്കാൻ ഒരുങ്ങും മുൻപ് ആ വീട്ടിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു. കരയുന്ന ഭാര്യയെ സമാധാനിപ്പിച്ചുകൊണ്ടു അയാൾ പറഞ്ഞു, "അല്ലാതെ ഞാനെന്ത് ചെയ്യും ? നിന്നെയും മക്കളെയും കൊണ്ട് നാട്ടിലിറങ്ങി തെണ്ടുന്നതിലും നല്ലത്....." അയാൾ വിങ്ങിപ്പൊട്ടി. കഞ്ഞി വിളമ്പിവെച്ചയാളും കുടുംബവും ഇരുന്നപ്പോൾ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "എന്തിനാ കരയുന്നത്" എന്ന മക്കളുടെ ചോദ്യത്തിന് മുന്നിൽ ചിരി ഭാവിക്കാൻ അവർ നന്നേ പണിപ്പെട്ടു.


ആശുപത്രി കിടക്കയിൽ അയാൾ കണ്ണ് തുറന്നപ്പോൾ ഹൃദയത്തിൽ ഒരു അന്ധാളിപ്പായിരുന്നു. ഉണർന്നയുടനെ അയാൾ ഭാര്യയെയും മക്കളെയും അന്വേഷിച്ചു. അടുത്തുണ്ടായിരുന്ന ബന്ധുവിന്റെ മൗനം അയാളുടെ ഹൃദയത്തിൽ തറച്ചു. അയാൾ ഉറക്കെ നിലവിളിച്ചു.


അയാളുടെ ഹൃദയത്തിൽ മഞ്ഞുകാലം വിതച്ച നേർത്ത മഞ്ഞു പാളികളിലൂടെ ഒരു ബുൾഡോസർ പതുക്കെ നീങ്ങുന്നുണ്ടായിരുന്നു!


(ശുഭം)


21 views0 comments

Recent Posts

See All

Comments


bottom of page