പത്തു രൂപ
“എന്താ കൈരളി പരീക്ഷക്ക്‌ പേരു കൊടുക്കാഞ്ഞത് ?”മലയാളം ടീച്ചറുടെ ചോദ്യം കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല; എഴുന്നേറ്റു നിന്നു.


കൈരളി വിജ്ഞാന പരീക്ഷക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യണം, രജിസ്‌ട്രേഷൻ ഫീ പത്തു രൂപയാണ്.


പത്തു രൂപക്ക് പച്ചക്കറി വാങ്ങിയാൽ വീട്ടിൽ മൂന്നു ദിവസം കറി വെക്കാനുള്ളതായി ! പത്തു രൂപക്ക് ഒരു പ്ലാസ്റ്റിക് കവർ നിറയെ മത്തി കിട്ടും !

ചേട്ടന് പത്തു ദിവസത്തോളം കോളേജിൽ പോകുവാനുള്ള ബസ് ചാർജിനും പത്തു രൂപ ധാരാളം !


പത്തു രൂപ പല പല കാര്യങ്ങളായി അവൻ്റെ മനസ്സിൽ മിന്നി മാഞ്ഞു .. അതിലൊന്നും വലുതായിരുന്നില്ല വിജ്ഞാന പരീക്ഷ..


“ചോദിച്ചതു കേട്ടില്ലേ ?”


ടീച്ചർ ഒന്നു കൂടി ശബ്ദമുയർത്തി ചോദ്യം ആവർത്തിച്ചു..


പരീക്ഷകൾക്ക് തരക്കേടില്ലാത്ത മാർക്ക് കിട്ടാറുണ്ട് , അതായിരിക്കാം ടീച്ചർക്ക് തൻ്റെ കര്യത്തിലുള്ള താല്പര്യം .. കൂട്ടുകാരിൽ പലരും രജിസ്റ്റർ ചെയ്തിട്ടില്ലാ എന്നവനറിയാം ..


“വീട്ടിൽ കുറച്ചു ബുദ്ധിമുട്ടാണ് , പൈസ …”


അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.


ഉള്ളിലൊരു നീറ്റൽ , കാലുകൾ തളരുന്നുണ്ടോ ? കണ്ണുകൾ ചെറുതായി നനഞ്ഞു ..


ക്ലാസിലെ കുട്ടികളെല്ലാവരും തന്നേ നോക്കിയോ ? അവരുടെയെല്ലാം മുഖത്തു സഹതാപം നിഴലിക്കുന്നുണ്ടോ ?


തൻ്റെ ഇല്ലായ്മ ക്ലാസ്സിനു മുന്നിൽ വിളിച്ചു പറയേണ്ടി വന്നതിൻ്റെ ജാള്യത അവനെ വല്ലാതുലച്ചു..


“പത്തു രൂപയല്ലേ ഉള്ളു ? അതിനാണോ ഇ …?”


ടീച്ചർ മുഴുമിപ്പിച്ചില്ല .. ദേഷ്യവും സങ്കടവും ഒരുമിച്ചു തലയിലോട്ടിരച്ചു കയറി ..


സ്കൂളിൽ പഠിപ്പിക്കുന്ന ഇക്കണോമിക്‌സെല്ലാം തെറ്റാണ്‌.. പത്തു രൂപയുടെ മൂല്യം ഇവിടെ ഒരേ രാജ്യത്തു ഒരേ ക്ലാസ് മുറിയിൽ തൊട്ടടുത്ത് നിൽക്കുന്ന രണ്ടു പേർക്ക് തികച്ചും വ്യത്യസ്തമാണ് .


ടീച്ചറോട് മറുപടിയൊന്നും പറഞ്ഞില്ല , എത്രയും പെട്ടെന്ന് ബെഞ്ചിലൊന്നിരുന്നാൽ മതി ..


“ശരി ഞാൻ ഫീസ് അടച്ചോളാം , പരീക്ഷ എഴുതിക്കോളൂ “

മനസ്സ് വേറെയെവിടെയൊക്കെയോ ആയിരുന്നെങ്കിലും ടീച്ചറുടെ ശബ്‌ദം അവൻ കേട്ടു .


“വേണ്ട ടീച്ചർ.. ” ഉറക്കെ പറഞ്ഞെങ്കിലും ശബ്‌ദം പുറത്തു വന്നില്ല.


ഒരു പുഞ്ചിരിയോടെ ഒരു പാവം കുട്ടിയെ സഹായിച്ച നിർവൃതിയിൽ ടീച്ചർ തിരിഞ്ഞു നടന്നപ്പോൾ , ആ പത്തു രൂപക്ക് ഒരു കൗമാരക്കാരൻ്റെ അഭിമാനത്തിന്റെയും നിസ്സഹായതയുടേയും വില കൂടിയുണ്ടായിരുന്നു.


മുന്നിലെ ഡെസ്കിൽ കൈ വെച്ച് കണ്ണുകൾ ഇറുക്കിയടച്ചു തലതാഴ്ത്തിയിരുന്നപ്പോൾ മനസ്സിലൂടെ പാറിപ്പറന്നു പോയ പത്തു രൂപ നോട്ടുകളിൽ ഗാന്ധിജിയപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു ..- ബൈജു കൃഷ്ണൻ.
പശ്ചാത്തലം : പത്തു രൂപക്ക് ഇന്നത്തേക്കാൾ ഒരുപാട് മൂല്യമുണ്ടായിരുന്ന തൊണ്ണൂറുകളിലെ ഒരു സർക്കാർ സ്കൂൾ ക്ലാസ്സ്‌റൂം …


വാൽക്കഷ്ണം : കൈരളി വിജ്ഞാന പരീക്ഷ യും നമ്മുടെ അസോസിയേഷനും തമ്മിൽ പേരിലുള്ള സാമ്യം തികച്ചും യാദൃശ്ചികം !!

87 views0 comments

Recent Posts

See All

Editorial - September 2021

Here we’re with the 3rd edition of “Thalukal”, the Voice of our community!' The contributions that we received for this edition too have been remarkable. The sketches sent by the young masterminds, fr