"ഞാൻ വിളിച്ചാൽ നീ കൂടെപ്പോരുമോ?"
കടല വാങ്ങാൻ അവനോട് പറഞ്ഞാലോ എന്നവൾ മനസിലോർത്ത അതേ നിമിഷത്തിലാണ് അവൻ്റെ ചോദ്യം.
"ഇല്ല", കടലിലേക്കാഴുന്ന സൂര്യനിൽ നിന്ന് കണ്ണെടുക്കാതെയവൾ പറഞ്ഞു.
"അപ്പോൾ നിൻ്റെ ജീവനേക്കാൾ എന്നെ സ്നേഹിക്കുന്നുവെന്നും, ഞാനില്ലാതെ നീയില്ലെന്നും പറഞ്ഞത് വെറുതെയായിരുന്നല്ലേ?"
"അല്ല. ആ പറഞ്ഞതൊക്കെ സത്യമാണ്."
"പിന്നെന്താ എൻ്റെ കൂടെപ്പോന്നാൽ?"
"ഞാൻ നിൻ്റെ കൂടെപ്പോരുമെന്നോ, നീ എൻ്റെ കൂടെ വരുമെന്നോ ഒരു കരാർ നമ്മൾ തമ്മിലുണ്ടോ?"
"അതില്ല. പക്ഷേ, ഇനിയും വേണമെങ്കിൽ അങ്ങനെയൊന്നുണ്ടാക്കാമല്ലോ!"
അവൾ അവൻ്റെ മുഖത്തേക്കൊന്നു നോക്കി. പിന്നെ കണ്ണടച്ച് ഒരു നിമിഷം ഒന്നും മിണ്ടാതങ്ങനെ ഇരുന്നു.
"നീ ഒരു തുരുത്താണെനിക്ക്, സ്നേഹത്തിൻ്റെ തുരുത്ത്. ഭാരങ്ങളെല്ലാമിറക്കി വച്ച്, ഒരപ്പൂപ്പൻ താടി പോലെ ഞാൻ പറന്ന് നടക്കുന്ന തുരുത്ത്. നാളെ പ്രാതലിനെന്തുണ്ടാക്കുമെന്നാലോചിച്ചു തലപുണ്ണാക്കണ്ട, കടിച്ചാൽ പൊട്ടാത്ത പുസ്തകത്തിൻ്റെ പേര് പറഞ്ഞു മൂത്തവൻ വാങ്ങിക്കൊണ്ടു പോകുന്ന കാശിനു കള്ളുകുടിക്കുമോ എന്നാലോചിച്ചു വ്യാകുലപ്പെടണ്ട, ഇളയവൾക്ക് മൂക്കിൽപ്പനി വരുമ്പോഴേക്കും, ഗൂഗിളിൽ രോഗലക്ഷണങ്ങൾ പരതി കേട്ടിട്ടില്ലാത്ത രോഗങ്ങങ്ങളെക്കുറിച്ചാലോചിച്ചുറക്കം കളയണ്ട, ഹൗസിങ് ലോണിൻ്റെ കുടിശ്ശികയെക്കുറിച്ചോർക്കണ്ട. പെട്ടെന്നെങ്ങാനും നീ മരിച്ചുപോയാൽ, അച്ഛൻ്റെ സ്നേഹവും സംരക്ഷണവും പിള്ളേർക്ക് കിട്ടാതെ പോകുമല്ലോ, പിന്നുള്ള കാലം മുഴുവൻ അവരെ ഞാൻ തനിച്ചു നോക്കണമല്ലോ എന്നാധിപിടിക്കാതെ എത്ര നേരം വേണമെങ്കിലും എനിക്ക് നിന്നെ നോക്കിയിരിക്കാം. ഇരുട്ടി വെളുത്താലും പറഞ്ഞ് തീരില്ല ഈ ലിസ്റ്റ്. ഞാൻ നിൻ്റെ കൂടെ വന്നാൽ, ഇക്കണ്ട ആധികളെല്ലാം കൂടി, ഒരു പാലമിട്ടെൻ്റെ തുരുത്തിലോട്ടിങ്ങു വരും!" ഒരു ദീർഘനിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി.
അപ്പോഴേക്കും സൂര്യനസ്തമിച്ചു കഴിഞ്ഞിരുന്നു. പതിവുപോലെ യാത്ര പറയാതെ പിരിയുമ്പോൾ അവൻ്റെ മൊബൈൽ ഫോൺ ചിലച്ചു. വീട്ടിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ്, ഭാര്യ വാട്സ്ആപ്പ് മെസ്സേജ് അയച്ചതാണ്. വിളിച്ചാൽ കൂടെപ്പോരില്ലെന്നവൾ പറഞ്ഞതിൽ അന്നേരമവനെന്തെന്നില്ലാത്ത ആശ്വാസം തോന്നി!
תגובות