കൃഷ്ണാ നീയെന്നെ അറിയില്ല

കൃഷ്ണാ നീയെന്നെ അറിയില്ല

"ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ

മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം

കൃഷ്ണാ നീയെന്നെയറിയില്ല..."


സുഗതകുമാരി ടീച്ചർ എഴുതിയ ശ്രീമതി കെ.എസ് ചിത്ര ജീവൻ കൊടുത്ത ഒരു കവിത. ഓഫീസിൽ നിന്ന് വീട്ടിലേക്കു വരുമ്പോൾ പാട്ടിനു പകരം കവിത ആണ് ഇട്ടത്. ഇതൊരു സുഹൃത്ത് അയച്ചു തന്നതാണ്. വെറും ഒരു സുഹൃത്ത് അല്ല, കൗമാരപ്രായത്തിൽ തുടങ്ങി, വര്ഷങ്ങളോളം സ്നേഹിച്ച എൻ്റെ സ്വന്തം കാമുകി.


ഒരു വൺവേ മാത്രമായി പരിണമിച്ച പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്ന എനിക്ക് ഇനിയും അവളെ അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല. നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് അവളെ വീണ്ടും കണ്ടത്, അതും അതെ അമ്പലനടയിൽ.


ഞാൻ സാധാരണ ഇങ്ങനത്തെ കവിതകൾ കേൾക്കാറില്ല. കേട്ടാൽ മനസിലാകാത്ത കവിതകൾ ആണ് കേൾക്കുന്നത്. രണ്ടു മൂന്ന് കടിച്ചാൽ പൊട്ടാത്ത കവിതകൾ കാണാതെ പഠിച്ചും വച്ചിട്ടുണ്ട്. പക്ഷെ ചിത്രയുടെ ശബ്ദത്തിൽ, ഈ കവിത കേൾക്കുമ്പോൾ ഒരു കാന്തിക വലയത്തിൽപ്പെട്ട് ഏതോ ഒരു ലോകത്തിൽ എത്തിയ പോലെ. എന്തിനായിരിക്കും അവൾ എൻ്റെയടുത്തു ഈ കവിത കേൾക്കാൻ പറഞ്ഞത്.


സമയം രാത്രി പത്തു മണിയോടടുക്കുന്നു. ഇനിയും ഒരു മണിക്കൂർ ഡ്രൈവ് ഉണ്ട് വീട്ടിൽ എത്താൻ. പതിനാറാം മൈലിലെ പതിവ് ചായക്കടയിൽ വണ്ടി നിർത്തി, ഒരു ചായയും കിങ്‌സും മേടിച്ചു. ചെറുതായി ഒരു പുക എടുത്തിട്ട്, മനസ്സ് പതിമൂന്നാം വയസിലേക്കു പറത്തി വിട്ടു.


ഞങ്ങൾ ഭരണിക്കാവുകാർക്ക് നാല്പത്തിയൊന്നു ദിവസത്തെ ഉത്സവം തുടങ്ങി കഴിഞ്ഞാൽ പിന്നെ, രണ്ടു ഭരണി ഉത്സവങ്ങൾ ആണ്. ആദ്യം വരുന്നത് വിശേഷനാളായ കുംഭഭരണി ആണ്. അത് കഴിഞ്ഞു നാൽപതാം ദിവസത്തെ മീന ഭരണിയും, നാല്പത്തിയൊന്നാം നാളിലെ കുരുതിയും കഴിഞ്ഞു കൊടിയിറങ്ങും.


ഒരു കുംഭഭരണി നാളിൽ ആണ്, എനിക്ക് മനസ്സിൽ അടുപ്പം തോന്നിയ, എൻ്റെ സ്കൂളിൽ പഠിക്കുന്ന, എൻ്റെ കൂട്ടുകാരിയെ മനുവിന് കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞിരുന്നത്. അവൾ വിളക്കെടുക്കാൻ വരും എന്ന് എനിക്ക് അറിയാമായിരുന്നു. അമ്പലത്തിൽ തോറ്റംപാട്ട് തുടങ്ങിയപ്പോൾ തുടങ്ങിയ കാത്തിരിപ്പിനൊടുവിൽ, കരിയില കമ്പവും കഴിഞ്ഞു, വിളക്കെടുപ്പ് തുടങ്ങി. വിളക്കുമായി നിൽക്കുന്ന ഒരുപാട് പെൺകുട്ടികൾക്ക് ഇടയിൽ അവളെ തിരഞ്ഞു ഞാൻ നടന്നു. ഒരുപാട് നോക്കേണ്ടി വന്നില്ല, തീവെട്ടി പിടിക്കുന്ന ആളിൻ്റെ പിറകിലായി അവൾ, ഏഴു തിരിയുള്ള വിളക്കുമേന്തി മറ്റൊരു ദേവിയെപ്പോലെ.


ഏഴുതിരിയിട്ട വിളക്കിൻ്റെ സ്വർണപ്രഭാവം കാരണം അവളുടെ മുഖത്തിന് ഒരു പ്രത്യേക അഴകായിരുന്നു. ആരെയും പൊതുവെ അംഗീകരിക്കാത്ത മനു വരെ പറഞ്ഞു.


" എന്തൊരു ഭംഗിയാടാ നിൻ്റെ ആളിന്"


ആ അമ്പലനടയിൽ വച്ച്, നിലവിളക്കുകളെ സാക്ഷി നിർത്തി ആ ചുരുണ്ടമുടിക്കാരി എൻ്റെ മനസിലേക്ക് കേറി‌. അന്ന് തൊട്ടാണ് അവളുടെ ചുരുണ്ട മുടിയെയും, ചെറിയ നുണക്കുഴി കവിളിനെയും, കൊലുന്നനെ ഉള്ള അവളുടെ വിരലിനെയും, ചന്ദനകുറിയേയും സ്നേഹിക്കാൻ തുടങ്ങിയത്.

അന്ന് തുടങ്ങിയ പ്രണയം അധിക നാൾ മനസ്സിൽ വയ്‌ക്കേണ്ടി വന്നില്ല. മനു വഴി എൻ്റെ ഒരു ബന്ധു അറിഞ്ഞു, അവളോട് പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല. അവളുടെ ചേച്ചി ആണ് അവളുടെ സമ്മതം എന്നോട് പറഞ്ഞത്. മനസ്സുകൊണ്ട് ലോകത്തെ കിഴടക്കിയ ദിവസങ്ങൾ ആയിരുന്നു കുറച്ചു നാളുകൾ. എൻ്റെ ലോകം അവളിലേക്ക്‌ ചുരുങ്ങി. ഒരു പേന കിട്ടിയാൽ അവളുടെ പേര് ആദ്യം എഴുതി ശീലിച്ചു. ഒരു വർഷം കഴിഞ്ഞു വേനലവധിക്ക് സ്കൂൾ അടച്ചു. ആ സമയത്താണ് എനിക്കു അപ്രതീക്ഷിതമായി കുടുംബ പ്രശ്നങ്ങൾ കാരണം സ്കൂൾ മാറേണ്ടി വന്നത്. പെട്ടന്ന് എടുത്ത തീരുമാനം, അവളെ അറിയിക്കാൻ പരമാവധി ശ്രമിച്ചു. ഒന്നും നടന്നില്ല.

സ്കൂൾ മാറിയെങ്കിലും ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. അതൊക്കെ ഒരു ചിരിയിലും, ഒരു വാക്കിലും ഒതുങ്ങി. എൻ്റെ സ്കൂൾ ജീവിതം കഴിഞ്ഞു ഞാൻ പ്രീഡിഗ്രി പഠിക്കാൻ വേണ്ടി സ്ഥലം മാറി പോയി. നാട്ടിൽ വരുമ്പോൾ ഒക്കെ അവളെ കാണാൻ ശ്രമിച്ചു. ഒരുപാട് വെയിൽ കൊണ്ടു, ഒരിക്കൽ പോലും അവളെ കണ്ടില്ല. ഒരു അവധിക്കു അവളെ തിരഞ്ഞു നടന്ന എനിക്കു മുന്നിൽ വന്നത് അവളുടെ കാമുകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവളുടെ ഒരു ബന്ധുവാണ്. അയാൾ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല.


എനിക്കറിയാവുന്ന അവൾ അങ്ങനെ ചെയ്യില്ല എന്ന് എനിക്ക് തോന്നി.

പിറ്റേന്ന് തന്നെ അവളെ അമ്പലനടയിൽ കണ്ടുമുട്ടി. ഞാൻ അവളോട് ചോദിച്ചു.


"നിനക്കെന്നോട് പഴയ പോലെ ഇഷ്ടം ഇല്ലേ?"

അവൾ മിഴികൾ താഴ്ത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു " അതൊക്കെ പഴയ കഥയായി കരുതി മറക്കണം."

"നിനക്കെന്നോട് ഒരു വാക്ക്‌ പറയാമായിരുന്നു", ഞാൻ അവളുടെ മുഖത്തോട്ടു നോക്കി.

"നീ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു, അത് കൊണ്ടാണ് പറയാതെ ഇരുന്നത്."


കാൽചുവട്ടിൽ നിന്നും അമ്പലവെളിയിലെ പഞ്ചാരമണൽ ഒലിച്ചു പോകുന്നത് ഞാൻ അറിഞ്ഞു. എൻ്റെ കണ്ണ് നിറയുന്നത് അവൾ കാണരുത് എന്ന് വിചാരിച്ചു ഞാൻ തിരിഞ്ഞു നടന്നു, അവളുടെ ജീവിതത്തിൽ നിന്നും.

കിങ്‌സ് കൈയിൽ ഇരുന്നു പൊള്ളി. ബാക്കി ചായ കളഞ്ഞിട്ടു, കാശ് കൊടുത്തിട്ടു ഞാൻ കാറിൽ കയറി. വീണ്ടും സുഗതകുമാരി ടീച്ചറിലേക്ക്.


"അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍

അനുരാഗമഞ്ജനം ചാര്‍ത്തി

ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍

ഒരു നാളുമെത്തിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല..."


കഴിഞ്ഞ മീനഭരണി ദിവസം, സർപ്പക്കാവിന് അടുത്തുള്ള കാഞ്ഞിരമരച്ചോട്ടിൽ, കുതിരഎടുപ്പ് കണ്ടുകൊണ്ടു നിൽക്കുമ്പോൾ ആണ് അവളെ വീണ്ടും കാണുന്നത്. അവൾക്കു വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് നിലവിളക്കിൻ്റെ വെളിച്ചത്തിൽ കണ്ട അതെ മുഖം. അവൾ എന്നെ തിരിച്ചറിയല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷെ അവൾ എന്നെ പ്രതീഷിച്ച പോലെ മുന്നിൽ വന്നു ചിരിച്ചു കൊണ്ട് ചോദിച്ചു, "സുഖമാണോ?".


ഞാൻ ഒന്ന് ചിരിച്ചു, അവൾ എൻ്റെ കണ്ണിലേക്കു നോക്കിക്കൊണ്ട്‌ ചോദിച്ചു, "എന്നോട് ദേഷ്യം ഉണ്ടോ?"


"ഇല്ല." മനസ്സിൽ പറഞ്ഞു, സ്നേഹമുണ്ടായിരുന്നു, സ്നേഹമാണ്, പക്ഷെ ഒരിക്കലും വെറുത്തിട്ടില്ല. വാശിയായിരുന്നു, അവളുടെ മുന്നിൽ ഇനിയും തോല്കരുത് എന്ന വാശി.


ഒന്നു രണ്ടു നിമിഷങ്ങൾ ഞാൻ വേറെ ഒന്നും കേട്ടില്ല. ലോകം ഞാനും അവളുമായി ചുരുങ്ങി. ഒടുവിൽ, പോകുന്നതിനു മുൻപ്, തിരിഞ്ഞു നിന്ന് അവൾ എന്നോട് പറഞ്ഞു, " സുഗതകുമാരിയുടെ - കൃഷ്ണാ നീ എന്നെയറിയില്ല - എൻ്റെ ഇഷ്ടപെട്ട കവിതയാണ്. നീ അതൊന്നു കേൾക്കണം". അവൾ നടന്നകന്നു.


സംഭവിച്ചതെല്ലാം സത്യമാണോ തോന്നലാണോ എന്നറിയാതെ ഞാൻ കുറച്ചു നേരം നിന്നു. ഭാര്യ വന്നു വിളിച്ചപ്പോൾ ആണ് സ്വബോധം വന്നത്.

ഭാര്യ എൻ്റെ കൈപിടിച്ചു കൊണ്ട്, സർപ്പക്കാവിൻ്റെ പിറകിൽ ഉള്ള വളക്കടയിലേക്കു നടന്നു.


"കാടിൻ്റെ ഹൃത്തില്‍ കടമ്പിൻ്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍

അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ

വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും

മുടിയഴിവതും കണ്ടിടാതെ

കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ

എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍"

കവിത തുടർന്നു കൊണ്ടിരുന്നു. മനസ്സ് അവൾ പറഞ്ഞ വാക്കുകളിലേക്ക് പാഞ്ഞു.


ചൂട്ടുകത്തിച്ചിട്ടുള്ള കുതിരയെടുപ്പു ഭരണിക്കാവിൻ്റെ മാത്രം പ്രത്യേകത ആണ്. കന്നിമേൽ ചേരിയുടെ കുതിര ഒരു ആരവമായി ഒഴുകി നീങ്ങി. ശബ്ദം ഒഴിഞ്ഞപ്പോൾ അവൾ തുടർന്നു.


" നിന്നെ എനിക്കിഷ്ടമായിരുന്നു. ഒരുപാട് ഇഷ്ടം. നിന്നെ സ്നേഹിച്ചത് വെറുതെ ഒരു രസത്തിനായിരുന്നില്ല. നിന്നെ കാണാൻ നിൻ്റെ ക്ലാസ്സിൽ വന്നതും, ഒരു കുടയിൽ മഴയത്തു നനഞ്ഞതും ഒന്നും വെറുതെ അല്ല."

ഇതു ഞാൻ പ്രതീക്ഷിച്ചില്ല. പ്രത്യേകിച്ചും പെട്ടന്നുള്ള കണ്ടുമുട്ടലിൽ. എൻ്റെ പ്രണയം ഒരു സൈഡ് മാത്രം ആയിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.


"എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍

എന്‍റെ ജന്മം ഞാന്‍ തളച്ചു

കൃഷ്ണാ നീയെന്നെയറിയില്ല..."


അവൾ തുടർന്നു, "എനിക്കു പേടിയായിരുന്നു. അമ്മയേയും, മാമന്മാരെയും, എൻ്റെ കുടുംബക്കാരെയും എനിക്ക് പേടി ആയിരുന്നു. നീ വിളിച്ചാൽ ഇറങ്ങി വരാൻ ഉള്ള ധൈര്യം എനിക്കില്ലായിരുന്നു. നിന്നോടുള്ള സ്നേഹത്തിനു ഇന്നും ഒരു കുറവും വന്നിട്ടില്ല. അമ്പലത്തിൽ വരുമ്പോൾ ഒക്കെ നിന്നെ തിരയും. എല്ലാ ഉത്സവത്തിനും പ്രതീക്ഷിക്കും"


ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് തെക്കേവിള ചേരിയുടെ കുതിര കടന്നു പോയി. എല്ലാ കൊല്ലത്തേയും പോലെ കുതിര ചെറുതായി ചരിയുമ്പോൾ സേതു അണ്ണൻ ഒരു വള്ളിയിൽ പിടിച്ചു തൂങ്ങി കിടന്നാടി.


അവൾ പറഞ്ഞത് സത്യമാണ്. വളരെ പ്രശസ്തമായ കുടുംബം. ഞാനോ ഒരു സാധാരണ കുടുംബവും. ആരും അംഗീകരിക്കില്ല.


അവൾ തുടർന്നു, "നീ സ്കൂൾ മാറി പോയത് ഞാൻ അറിഞ്ഞില്ല. നിന്നെ കാണാതെ ആയപ്പോൾ പലരോടും അനേഷിച്ചു. എന്നെ കാരണം നീ പോയി എന്നാണ് ഞാൻ അറിഞ്ഞത്. നീ എന്നെ മറന്നു എന്ന് ഞാൻ വിചാരിച്ചു. പിന്നെ നീ അറിഞ്ഞ പോലെ, നീയല്ലാതെ എനിക്കൊരു കാമുകൻ ഇല്ല. ഒരാൾ വളരെ അധികം ശ്രമിച്ചു. ഞാൻ സമ്മതിച്ചില്ല. അവസാനമായി നമ്മൾ കണ്ടപ്പോൾ നിൻ്റെ കണ്ണ് നിറഞ്ഞതു ഞാൻ കണ്ടിരുന്നു. ഇന്നും നിന്നെ ഓർക്കുമ്പോൾ അതാണ് മനസ്സിൽ വരുന്നത്."